പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിന്റെ വെബ്‌സൈറ്റിലേക്ക് സ്വാഗതം
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

സ്ഥലനാമ ഉത്ഭവത്തിനു തന്നെ പൗരാണിക ഋഷീശ്വരന്മാരുമായി ബന്ധമുള്ളതായി പഴമക്കാര്‍ വിശ്വസിക്കുന്നു. പള്ളിക്കത്തോട് ജംഗ്ഷന് കിഴക്കുമാറി കതിരമ്പുഴ ഭാഗത്ത് തപസ്സുചെയ്തിരുന്ന അയനിമുനിയില്‍ നിന്നാണ് അയനിക്കാട് ഉണ്ടായതെന്നും അതു ലോപിച്ചാണ് ആനിക്കാട് ഉണ്ടായതെന്നുമാണ് ഒരു വതം. അയനി (ആഞ്ഞിലി) ധാരാളമായി വളര്‍ന്നിരുന്നതിനാല്‍ അതിനെ സൂചിപ്പിക്കുന്നതാണ് അയനിക്കാട് എന്നാണ് മറ്റൊരു പക്ഷം.

            വ്യാപകമായിരുന്ന വനപ്രദേശമായിരുന്ന ഇവിടേയ്ക്ക് കുടിയേറ്റമുണ്ടായിട്ട് ഏകദേശം ഏഴ് നൂറ്റാണ്ടായി എന്നു പറയാം. തെക്കുംകൂര്‍ രാജാവിന്റെ അനുമതിയോടെയാണ് ആദ്യമായി കുടിയേറ്റമുണ്ടാകുന്നത്. അവരില്‍ തെക്കേത്ത്, വടുതല, പിറ്റിനാല്‍ കൂടുംബക്കാരാണ് ഏറ്റവും പഴമക്കാര്‍ എന്നു കരുതപ്പെടുന്നു. 1600 ഓടുകൂടി ഏതാനും ക്രിസ്ത്യന്‍ കൂടുംബങ്ങള്‍  ഈ പ്രദേശത്ത് കുടിയേറി പാര്‍ത്തതായി ചരിത്രം പറയുന്നു. കുന്നേല്‍, മുരട്ടുപൂവത്തിങ്കല്‍, മൂലയില്‍, ആലുങ്കല്‍ (കാഞ്ഞിരമറ്റം) കുടുംബങ്ങളാണവ. പുരാതനകാലത്ത് ഈ പ്രദേശത്ത് വ്യാപരിച്ചിരുന്ന കോടിയന്മാരുടെ ശല്യം സഹിക്കാതെ വന്നപ്പോള്‍ ചെമ്പകശ്ശേരി രാജവിന്റെ ക്ഷണപ്രകാരം, കടത്തനാട്ടുദേശത്തുനിന്നും രണ്ടു കര്‍ത്താക്കന്മാര്‍ ആയുധപരിശീലനം അഭ്യസിപ്പിക്കുവാന്‍ ഇവിടെ എത്തിച്ചേര്‍ന്നു. കളരികള്‍ സ്ഥാപിച്ച് ആയുധപരിശീലനം നല്‍കി. അവര്‍ കോയിയന്മാരെ അമര്‍ച്ച ചെയ്തു. പാരിതോഷികമായി അമ്പഴത്തുങ്കല്‍ തനത്, അമ്പഴത്തങ്കല്‍ പണ്ടാരവക എന്നീ നിലകളില്‍ അവര്‍ക്ക ഭൂമി പതിച്ചുകിട്ടി. അവര്‍ സ്ഥാപിച്ച കുടുംബങ്ങളാണ് അമ്പഴത്തുങ്കല്‍, അമ്പിയില്‍ എന്നിവ. ഇവിടെ താമസമുറപ്പിച്ചിരുന്ന നായര്‍ കുടുംബങ്ങളുമായി ഇവര്‍ രമ്യതയിലായിരുന്നില്ല എന്ന് കരുതപ്പെടുന്നു. എ. ഡി. 1865 ല്‍ ഉണ്ടായ പണ്ടാരപ്പട്ട വിളംബരവും 1887 ല്‍ ഉണ്ടായ ജന്മി കുടിയാന്‍ വിളംബരവും മൂലം ഈ മേഖലയില്‍ വ്യാപകമായ കുടിയേറ്റം ഉണ്ടായി. 1872 ല്‍ കുരുമുളക് കുത്തക വിമുക്തമാക്കിയതും കുയിയേറ്റത്തിന് കാരണമായിട്ടുണ്ട്.

            ചരിത്രത്തിലുടനീളം ആനിക്കാട് എന്ന പേര് ഈ നാടിന് നിലനിന്നു പോന്നിട്ടുണ്ട്. ഭരണപരമായ ചില കാരണങ്ങള്‍ കൊണ്ടു മാത്രമാണ് 1964 മുതല്‍ ഈ പഞ്ചായത്തിന്റെ പേര് പള്ളിക്കത്തോട് എന്ന മാറ്റിയത്. 1860 ല്‍ സ്ഥാപിക്കപ്പെട്ട ആനിക്കാട് പള്ളിയുടെ സമീപത്തുനിന്ന് ആരംഭിക്കുന്ന തോട് എന്ന പേര് പില്‍ക്കാലത്ത് പള്ളിക്കത്തോട് എന്ന സ്ഥലനാമമായി തീര്‍ന്നതാണ്  എന്നു കരുതപ്പെടുന്നു.      

ആനിക്കാട് സര്‍ക്കാര്‍ എല്‍. പി. എസ് നോടുചേര്‍ച്ച് പ്രവര്‍ത്തിച്ചിരുന്ന സെന്‍ട്രല്‍ ലൈബ്രറിയായിരുന്നു. ഈ പഞ്ചായത്തിലെ ആദ്യത്തെ ഗ്രന്ഥശാല.

ആരോഗ്യരക്ഷാരംഗത്ത് പരമ്പരാഗതമായി വൈദ്യന്മാരായ ഗണകന്മാരായിരുന്നു ആദ്യകാലത്ത് ചികിത്സ നടത്തിയിരുന്നത്. അക്കാലത്ത് വ്യാപകമായി പടര്‍ന്നുപിടിച്ചിരുന്ന മസൂരി രോഗം മൂലം നിരവധി പേര്‍ മരിച്ചിരുന്നു. ഭദ്രകാളി കോപമാണ് ഈ രോഗത്തിന് കാരണം എന്നും വിശ്വസിച്ചിരുന്നു. സ്കൂളുകളില്‍ അച്ചുകുത്തു സമ്പ്രദായം നിലനി‌‌ന്നിരുന്നു. ആതുര ചികിത്സാ രംഗത്ത് സേവനമനുഘ്ഠിച്ചിരുന്ന നിരവധി വൈദ്യന്മാര്‍ ഇവിടെ ഉണ്ടായിരുന്നു. ശ്രീമാന്മാര്‍ പുളിക്കമംഗലത്തു നാരായണന്‍ നായര്‍, മാധവന്‍ (പള്ളിക്കല്‍ വൈദ്യന്‍), അമ്പാട്ടുപത്മനാഭന്‍ നായര്‍, കാട്ടാറാത്ത് ജോസഫ് (കാട്ടാറാത്ത് ആശാന്‍), നന്തികാട് നാരാണകൈമള്‍, വി. രാമപണിക്കര്‍, ചക്കാമ്പുഴ  മാണിവൈദ്യര്‍ എന്നിവരായിരുന്നു അവരില്‍ പ്രമുഖര്‍. പാമ്പാടിയില്‍ സ്ഥാപിച്ചിരുന്ന സര്‍ക്കാര്‍ ആശുപത്രി ഇന്നാട്ടുകാര്‍ക്ക്  സഹായകരമായിരുന്നു. അലോപ്പതി രംഗത്ത് ഇന്നാട്ടില്‍ ആദ്യമായി എത്തിയത് ഡോ. ഏബ്രഹാം പിറ്റത്താങ്കല്‍ ആയിരുന്നു. കൊടുങ്ങൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചരുന്ന തിരുവ്വ മെഡിക്കല്‍ മിഷന്‍ ആശുപത്രി ഇന്നാട്ടുകാര്‍ക്ക് പ്രയോജനപ്പെട്ടിരുന്നു. ഈ പഞ്ചായത്തില്‍ തന്നെ സ്ഥാപിക്കപ്പെട്ട കല്ലാടംപെയ്ക ഹെല്‍ത്തുസെന്റര്‍ ആണ് നമ്മുക്കീരംഗത്ത് ലഭിച്ച മികച്ച സ്ഥാപനം. 1971- ല്‍ പാര്‍വ്വതീമന്ദിരത്തില്‍ വി. ജി. നാരായണന്‍ നായര്‍ വക കെട്ടിടത്തില്‍ താല്ക്കാലികമായി പ്രവര്‍ത്തനം ആരംഭിച്ച ഈ സ്ഥാപനം ശ്രീമാന്മാര്‍ കല്ലാല്‍ കെ. കേശവന്‍ നായര്‍, കെ. ശിവന്‍ നായര്‍ എന്നിവര്‍ സംഭാവന ചെയ്ത ഒരേക്കര്‍ സ്ഥലത്താണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ആനിക്കാട് നിര്‍മ്മലാ ഹോസ്പ്പിറ്റല്‍ അലോപ്പതി ചികിത്സാ രംഗത്ത് നമുക്ക് ഏറെ സേവനം ചെയ്തിട്ടുണ്ട്. ഇളമ്പള്ളി ആയുര്‍വ്വേദ ആശുപത്രി, മൈലാടിക്കര സര്‍ക്കാര്‍ ഹോമിയോ ആശുപത്രി എന്നിവ ചികിത്സാ രംഗത്ത് പ്രവര്‍ത്തിക്കുന്ന മറ്റു രണ്ട് സ്ഥാപനങ്ങളാണ്. ഈ സന്ദര്‍ഭത്തില്‍ എടുത്തുപറയേണ്ട പേരുകളാണവ. പ്രശസ്ത വിഷചികിത്സകരായിരുന്ന കോഴിവെട്ടാക്കല്‍ ദാമോദരന്‍ കര്‍ത്ത (ഉണ്ണികര്‍ത്ത), കളരിക്കല്‍ നാരായണന്‍ നായര്‍, കിഴക്കയില്‍ ശേഖരന്‍ നായര്‍, മനപ്പാട്ടു നാരായണന്‍ നായര്‍, പഞ്ചായത്ത് മെമ്പര്‍ ആയിരുന്ന തഴയ്ക്കല്‍ കൂര്യാക്കോസ് എന്നിവര്‍. ഇവരുടെ സേവനങ്ങളെ കൃതജ്ഞതയോടെ സ്മരിക്കേണ്ടതുണ്ട്.

                        പുരാതനമായ ഒട്ടേറെ ആരാധനാലയങ്ങള്‍ ഇവിടെ ഉണ്ട്. ഏകദേശം 1700 ല്‍ സ്ഥാപിച്ച ആനിക്കാട് ഭഗവതീക്ഷേത്രം, 1860 ല്‍ സ്ഥാപിച്ച ആനിക്കാട് സെന്റ് മേരീസ് പള്ളി, 1900 ല്‍ സ്ഥാപിച്ച നെടുമാവ് സി. എം. എസ്. പള്ളി, മലയാളവര്‍ഷം 1100 ല്‍ സ്ഥാപിച്ച നെടുമാവ് സെന്റ് പോള്‍സ് പള്ളി, നെല്ലിക്കശ്ശേരി, വട്ടകക്കാവ്, ഇളമ്പള്ളി, മനപ്പാട്ടുകുന്ന് ക്ഷേത്രങ്ങള്‍ തുടങ്ങിയവയാണ് ഈ പ്രദേശത്ത് സ്ഥാപിക്കപ്പെട്ട പഴക്കം ചെന്ന ആരാധനാലയങ്ങള്‍.

            ആനിക്കാട് എന്നും കലാപ്രവര്‍ത്തനത്തിന് പ്രശസ്താമായിരുന്നു. ഗരുഡന്‍, കുംഭകുടം, വില്‍പ്പാട്ട്, കാള, ഐവര്‍കളി തുടങ്ങിയ അനുഷ്ഠാന കലകളും, കഥകളി, ഓട്ടന്‍തുള്ളല്‍, തിരുവാതിര തുടങ്ങിയ ദൃശ്യകലകളും പ്രചരിച്ചിരുന്നു. ചില അമച്യര്‍ നാടകസമിതികള്‍ പ്രവര്‍ത്തിച്ചിരുന്നു. സാഹിത്യരംഗത്ത് ശ്രീമാന്മാര്‍ പി. എന്‍. എസ്. ആനിക്കാട്, ഓ. എസ്. ജി. നായര്‍ എന്നിവര്‍ ശ്രദ്ധേയ രചനകള്‍ നിര്‍വ്വഹിച്ചിട്ടുണ്ട.

            ഈ പ്രദേശത്ത് കൃഷി മുഖ്യതൊഴില്‍ ആയിരുന്നു. ഉഴവുവെട്ടി, കത്തിച്ച് നെല്‍കൃഷി ചെയ്തിരുന്നു. തെങ്ങ്, കമുക് എന്നിവ പുരയിടങ്ങളിലെ പ്രധാന വിളയായിരുന്നു. കാപ്പി മിക്കപുരയിടങ്ങളിലും കൃഷി ചെയ്തിരുന്നു. മരച്ചീനി വ്യാപകമായി കൃഷി ചെയ്തിരുന്നു. മുഖ്യഭക്ഷണവിഭവമായിരുന്നു മരച്ചീനി. അയിരൂര്‍ വെള്ള, കരിഇലവന്‍, റൊട്ടി, ചുള്ളി തുടങ്ങിയ നാടന്‍ ഇനങ്ങള്‍ ആയിരുന്നു കൃഷി ചെയ്തിരുന്നത്. പുരയിടങ്ങളില്‍ തേയില കൃഷി ചെയ്തിരുന്നു. 1960 കളില്‍ പോലും ചന്തദിവസങ്ങളില്‍ കൊളുന്ത് പള്ളിക്കത്തോട് പുത്തന്‍ചന്തയില്‍ എത്തിയിരുന്നു. 1938 മുതല്‍ റബ്ബര്‍കൃഷി ആരംഭിച്ചു. ഇഞ്ചി, മഞ്ഞള്‍, കച്ചോലം, കുരുമുളക് എന്നിവയും ധാരാളമായി ചെയ്തിരുന്നു. പുരയിടങ്ങള്‍ ആഴത്തില്‍ കിളച്ചുമറിച്ചിരുന്നു. കന്നുകാലികളെ ധാരാളമായി വളര്‍ത്തിയിരുന്നു. പള്ളിക്കത്തോടിന് സമീപമുള്ള തെക്കേക്കര, കിഴക്കുഭാഗത്തുള്ള ആയിക്കണ്ടം, ആനിക്കാട് പള്ളി, കുറുങ്കുടി, കട്ടച്ചിറ, കയ്യൂരി എന്നിവിടങ്ങളിലെ കണ്ടങ്ങളില്‍ നെല്‍കൃഷി ഉണ്ടായിരുന്നു. പുരാതനകാലത്ത് കയ്യൂരി കേന്ദ്രമായി ഒരു ചന്ത പ്രവര്‍ത്തിച്ചിരുന്നു. അമ്പിയില്‍ കര്‍ത്താക്കന്മാര്‍ സംഭാവന ചെയ്ത സ്ഥലത്ത് ചന്ത, വഴിയമ്പലം, കുളം എന്നിവ ഉണ്ടായിരുന്നു.

ആധുനിക വ്യവസായങ്ങള്‍ ഇവിടേയ്ക്കെത്തിയിട്ടില്ല. എങ്കിലും മുന്‍കാലത്ത് കൈത്തറി, ഖാദി, എന്നിവ ഇവിടെ ഉല്‍പ്പാദിപ്പിച്ചിരുന്നു. ധാന്യങ്ങള്‍ പൊടിക്കുന്ന മില്‍, കക്കാനീറ്റല്‍, എണ്ണയാട്ട് എന്നിവ ഇവിടെ ഉണ്ടായിരുന്നു. വ്യാപകമായി ഉണ്ടായിരുന്ന കരിമ്പുകൃഷിയില്‍ നിന്നും ശര്‍ക്കര ഉല്‍പ്പാദിപ്പിച്ചു വിറ്റഴിച്ചിരുന്നു. എഴുപതുകളുടെ ആദ്യവര്‍ഷങ്ങള്‍വരെ പള്ളിക്കത്തോട്ടില്‍ ചന്ത പ്രവര്‍ത്തിച്ചിരുന്നു. ചൊവ്വാ, വെള്ളി ദിവസങ്ങളിലായിരുന്നു ചന്ത. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനും നിത്യോപയോഗസാധനങ്ങള്‍ വാങ്ങുന്നതിനും സമീപ പ്രദേശങ്ങളില്‍ നിന്നെല്ലാം ആളുകള്‍ എത്തിയിരുന്നു. 

1953 ലാണ് അകലക്കുന്നം – ആനിക്കാട് പഞ്ചായത്ത് രൂപീകരിച്ചത്. ശ്രീ. പിറ്റിനാല്‍ അയ്യപ്പന്‍ പിള്ളയായിരുന്നു ആദ്യപ്രസിഡന്റ്. 1956 ല്‍ സ്ഥാപിക്കപ്പെട്ട പാമ്പാടി എന്‍. ഇ. എസ്. ബ്ലോക്ക് ആഫീസ് പള്ളിക്കത്തോട്ടില്‍ സ്ഥാപിക്കപ്പെട്ടത് ഈ നാടിനെ സംബന്ധിച്ചിടത്തോളം ഒരു  ചരിത്രസംഭവം തന്നെയാണ്. ഈ നാടിന്റെ പുരോഗതിക്ക് ഈ സ്ഥാപനം നല്‍കിയ സംഭാവന വളരെ വലുതാണ്. ആനിക്കാട് 308 – ാം നമ്പര്‍ എന്‍. എസ്. എസ്. കരയോഗം, നന്തികാട് ഭവാനികുഞ്ഞമ്മ, എ. ആര്‍. കുഞ്ഞനിയന്‍ കര്‍ത്ത, എ. ആര്‍. കൊച്ചുകുഞ്ഞു കര്‍ത്ത, പൂവത്താനിയില്‍ സരസ്വതിയമ്മ എന്നിവരാണ് ബ്ലോക്ക് ആഫീസ് സ്ഥാപിക്കുന്നതിന് സ്ഥലം സംഭാവന നല്‍കിയത്.

            നമ്മള്‍ വികസനം അടിത്തട്ടില്‍ നിന്ന് ആരംഭിക്കുകയാണ്. ഇതു വിജയിപ്പിക്കുന്നതിന് വിശാലമായ ഒരു രാഷ്ട്രീയബോധം തന്നെ ഉണ്ടാവണം. അതിനനുയോജ്യമായ ഒരു ചിരത്രപശ്ചാത്തലം നമുക്കുണ്ട്. ആ ചരിത്രബോധത്തില്‍ നിന്നുകൊണ്ടുതന്നെ ആവട്ടെ പുതുനാളേയ്ക്കുള്ള കാല്‍വയ്പ്.